കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1









ബാർ യുഹാനോൻ റമ്പാൻ, MACCABI


 കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം ചൈനയിൽ പടർന്നു പിടിക്കുന്നത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് 2019 ൽ ആണ്. തുടർന്ന് കോവിഡ് -19 എന്ന പേരിൽ ഈ മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു. 2020 ആയിരുന്നു കോവിഡിന്റെ വ്യാപനം തടയുവാൻ ലോകരാജ്യങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു തുടങ്ങിയത്, എങ്കിലും 2021ന്റെ പകുതിയിലോട്ട് നാം പ്രവേശിക്കുന്ന ഈ ഘട്ടത്തിലും ഈ മഹാമാരിയെ പൂർണ്ണമായും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല എന്നുള്ളത് ആണ് യാഥാർഥ്യം.കോവിഡ് വ്യാപനം തടയുവാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം സാമൂഹ്യ അകലം (Social Distance) പാലിക്കുക എന്നുള്ളത് മാത്രം ആണ്. വാക്സിനുകളും മറ്റും കോവിഡ് വൈറസ് ശരീരത്തിൽ ഉളവാക്കുന്ന അനാരോഗ്യ പ്രവർത്തനങ്ങളുടെ തീവ്രത കുറയ്ക്കുക മാത്രം ആണ് ചെയ്യുന്നത്. അതായത് കോവിഡ് രോഗ സൗഖ്യത്തിനു ഏറ്റവും ഫലപ്രദമായ മരുന്ന് എന്നത് കോവിഡ് വരാതെ നോക്കുക എന്നത് മാത്രമാണ്.


*മാറുന്ന സാമൂഹ്യ വ്യവസ്ഥിതി*


കോവിഡ് മൂലം കഴിഞ്ഞ ഒന്നര വർഷങ്ങൾ കൊണ്ടു ഉണ്ടായ സാമൂഹിക വ്യവസ്ഥിതിയിലെ മാറ്റങ്ങൾ മുൻപൊരിക്കലും ഒരു സാഹചര്യത്തിനും സമൂഹത്തിൽ കൊണ്ടുവരാൻ സാധിച്ചതിലും അപ്പുറമാണ്. ജനസാന്ദ്രത കൂടിയ കേരളത്തിൽ കാലങ്ങളായി ആചരിക്കപ്പെട്ട പല ജനകീയ കൂട്ടായ്മകളും കോവിഡിനെ തുടർന്ന് സ്തംഭിച്ച അവസ്ഥയിൽ ആയി കഴിഞ്ഞു. ഈ സ്തംഭനം സാമൂഹ്യ- സാമുദായിക - കലാ - കായിക - സാംസ്കാരിക- രാഷ്ട്രീയ- തൊഴിൽ- വാണിജ്യ - വ്യവസായിക- കാർഷിക മേഖലയിൽ എല്ലാം  ഒരുപോലെ ബാധിച്ചു. പരസ്പരം ചേർത്ത്‌ നിർത്താൻ ആഹ്വാനം ചെയ്തിരുന്ന എല്ലാ മേഖലയിലും നിർബന്ധം ആയി അകന്നിരിക്കാൻ നിയമം അനുശാസിക്കുന്ന ഒരു വ്യവസ്ഥിതിയിൽ നാം എത്തിച്ചേർന്നു. ഈ സാമൂഹിക അകലം നിഷ്കർഷിക്കുന്ന പുതിയ സാമൂഹ്യ വ്യവസ്‌ഥിതി ഗുണ ദോഷ സമ്മിശ്രമായ ഒരു പ്രതിഫലനം സമൂഹത്തിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.


*മാറുന്ന സഭാ വ്യവസ്ഥിതി*


എല്ലാ മതങ്ങളിലും കോവിഡ് വലിയ മാറ്റങ്ങൾക്ക് തിരി കൊളുത്തി കഴിഞ്ഞു. ക്രൈസ്തവ സഭകളിലും കാര്യങ്ങൾ ഇതിൽ നിന്നും ഒട്ടും വിഭിന്നമല്ല. സമൂഹത്തില്‍ നിലനിന്നു പോന്ന അനാചാരങ്ങള്‍ക്കെതിരെ ഒരു ജനതയെ ''മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന് ‍....'' എന്നു കവിത പാടി ഉണര്‍ത്തിയ കുമാരൻ ആശാന്റെ ഈ വരികള്‍ക്കു അക്ഷരാർത്ഥത്തിൽ ഒരു പ്രവചനനിവൃത്തി പോലെ പൂർണ്ണത വന്നത് നമ്മുടെ സഭകളിൽ നാം ഇന്ന്‌ ദർശിച്ചുകൊണ്ടിരിക്കകയാണ്. സഭയുടെ പവിത്രമായ അനവധി ആചാരനുഷ്‌ടാനങ്ങൾ അവയുടെ മർമ്മം ഉൾക്കൊള്ളാതെ വാണിജ്യ വൽക്കരിക്കപ്പെട്ടു മൂല്യച്ചുതിയുടെ മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്ന ഒരു കാലം ആയിരുന്നു കോവിഡ് രംഗപ്രവേശനം ചെയ്യുന്നതിന് മുൻപുള്ള കാലഘട്ടം. സാമൂഹ്യ വിപത്ത് എങ്കിലും ഗുണ ദോഷ സമ്മിശ്രമായ കോവിഡ് കാലം അല്പ്പം നവോത്ഥാനം ക്രൈസ്തവ സഭകളിൽ കൊണ്ടുവന്നിട്ടില്ലേ എന്നു ഞാൻ ചിന്തിച്ചു പോകുകയാണ്.

സഭ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തി മാമങ്ക മേളത്തിൽ തിമിർത്തു മദിക്കുകയായിരുന്നു. "ആരൊരാളെൻ കുതിരയെ കെട്ടുവാൻ. ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ" എന്നുള്ള വയലാർ കവിതയുടെ ആദ്യ ഈരടികൾ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു കേരളത്തിൽ ക്രൈസ്തവ സഭകളുടെ നേതൃത്വം മുന്നോട്ടു കുതിച്ചു പാഞ്ഞുകൊണ്ടിരുന്നത്. രാമന്റെ അശ്വത്തെ പിടിച്ചു കെട്ടിയത് കുട്ടികളായ ലവ- കുശൻമാരായിരുന്നു എങ്കിൽ ആരെയും കൂസ്സാത്ത കേരള ക്രൈസ്തവ സഭാ ദുഷ്പ്രഭുത്വത്തിനു മേൽ നീതിയുടെ ചാട്ടവാർ വീശിയത് ദൈവം കല്പിച്ചയച്ചു എന്നു ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ഒരു സൂഷ്മാണു വൈറസ് ആണ്.


*യാക്കോബായ സഭാ പച്ഛാത്തലത്തിൽ ;*


a) വിവാഹ മാമാങ്കം


പതിവ്രതയാം പരിപാവന സഭയെ കർത്താവായ യേശു തമ്പുരാൻ വീണ്ടെടുക്കുന്ന മഹത്തായ വിടുതൽ കർമ്മത്തോട് ഉപമിക്കപ്പെടുന്ന പവിത്രമായ ഒരു കൂദാശ്ശയായിരുന്നു ക്രിസ്തീയ വിവാഹം. വാണിജ്യ വൽക്കരണം മൂലം ഭംഗി നഷ്ടപ്പെട്ടു പരമാവധി വിരൂപയാക്കപ്പെടുന്ന ഒരു അവസ്‌ഥയിലേക്ക് വിവാഹ കൂദാശ നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. വിവാഹ കൂദാശ്ശ സംബന്ധമായി ധാരാളം ദുഷ്പ്രവണതകൾ സഭയിൽ കാലംതോറും വർധിച്ചു കൊണ്ടിരുന്നു. ഇതിനെ നിർവീര്യമാക്കി അതിന്റെ പവിത്രത വീണ്ടേടുക്കുന്നതിനു പകരം അതിൽ നിന്നും ഭൗതീകമായ ആദായം എങ്ങനെ സാമ്പാദിക്കാം എന്നുള്ളത് മാത്രം ആയിരുന്നു സഭയുടെ ചിന്ത.


അന്യായമായ ജനക്കൂട്ടം ആയിരുന്നു ഒരു വിവാഹത്തിന്റെ ശ്രേഷ്ഠതയുടെ അടയാളം ആയി പലരും ധരിച്ചു വച്ചിരുന്നത്. നാട് അടക്കം വിളിച്ചു വിവാഹ വിരുന്നു സൽക്കാരം നടത്തി ആഘോഷിക്കുന്ന സമ്പ്രദായം നിർത്താൻ സഭ ചെറു വിരൽ അനക്കിയില്ല. പകരം അതിൽ നിന്നും ആദായമാർഗ്ഗങ്ങൾ അന്വേഷിച്ചു. പാരീഷ് ഹാൾ നിർമ്മാണ സംസ്കാരം ഇങ്ങനെ ഉടലെടുത്തു. കൂടാതെ പ്രീ മാരിറ്റൽ കൗണ്സ്സിലിംഗ് നിർബന്ധം ആക്കിയപ്പോഴും അതു അതിന്റെ അന്തസത്ത ഉൾക്കൊണ്ടു പ്രവർത്തിച്ചിരുന്നോ എന്നു സംശയിക്കേണ്ടിയിരുന്നു. കൗൺസിലിംഗ് ക്ലാസ്സിൽ പങ്കെടുത്തില്ലെങ്കിലും പണം അടച്ചാൽ മതി എന്നുള്ള ദുരവസ്‌ഥ സഭയിൽ ഇല്ലായിരുന്നു എന്നു ആർക്കു പറയുവാൻ കഴിയും. പണം ഉള്ളവൻ വിവാഹം ഘോഷിക്കുന്ന രീതിയ്ക്കു സഭാന്തരീക്ഷം അനുമതി നൽകിയപ്പോൾ ഇല്ലാത്തവൻ അണ്ണാൻ കുഞ്ഞിനും തന്നാൽ ആയതു എന്നുള്ളത് പാലിച്ചു. ഫലമോ വലിയ സാമ്പത്തിക ബാധ്യതയും, തകർച്ചയും.


വിവാഹവുമായി ബന്ധപ്പെട്ട വീഡിയോ- ഫോട്ടോ ഗ്രാഫി പ്രവർത്തകർക്കു തീർച്ചയായും നിയന്ത്രണമാവിശ്യമായിരുന്നു. അതു അവരുടെ തൊഴിലിനോട് മാന്യത കാണിച്ചു കൊണ്ടു നമ്മുടെ സംവിധാനങ്ങൾക്കും ദോഷം തട്ടാത്ത വിധത്തിൽ ആകണമായിരുന്നു. എന്നാൽ അതും ഒരു ധന നേട്ടത്തിനുള്ള മാർഗ്ഗമായി മാത്രം സഭ ചിന്തിച്ചു. വ്യക്തമായ രീതിയിൽ ഒരു പ്രോട്ടോകോൾ ഉണ്ടാക്കി അവരുടെ തൊഴിൽ ചെയ്യാൻ ഉള്ള അവസരമുണ്ടാക്കേണ്ടിയിടത്ത് ഒരു നിച്ചിത ഫീസ് അടച്ചു കൊണ്ടു എന്തും ആകാം എന്നുള്ള അവസ്‌ഥ സംജാതമാക്കി. അനേകം പേര് പട്ടിണി കിടക്കുന്ന നാട്ടിൽ ധാരാളം ഭക്ഷണം ഓരോ വിവാഹ മാമാങ്ക ശേഷം കുഴിച്ച് മൂടുന്നതും നാം കണ്ടു. അതുപോലെ വിവാഹം പോലുള്ള കൂദാശ്ശകൾ നടത്തി കൊടുക്കുവാൻ വേണ്ടി മാത്രമുള്ള ഒരു സ്ഥാനം ആണ് യാക്കോബായ സഭയിൽ എപ്പിസ്‌കോപ്പ സ്ഥാനം എന്നു പോലും വിചാരിച്ചു പോകുന്ന വിധത്തിൽ വിവാഹ കൂദാസ്സകളുടെ കാർമികത്വത്തിന്റെ മൊത്തവിപണി മെത്രാൻമാർ കൈയ്യടക്കി.

അങ്ങിനെ പണത്തിന്റെയും ആർഭടത്തിന്റെയും ഒരു ചടങ്ങ് മാത്രം ആയി പരിശുദ്ധ വിവാഹ കൂദാശ്ശ നിലംപതിച്ചു.


ഈ അവസരത്തിൽ ആണ് കോവിഡ് വൈറസ്  ഒരു നവോത്ഥാന നേതാവിനെ പോലെ കടന്നു വരുന്നത്. ഇപ്പോൾ കൂദാശ്ശ ശാന്തമാണു. ഏറ്റവും അടുത്ത ബന്ധുക്കൾ സുഹൃത്തുക്കളെ മാത്രം ആണ് ക്ഷണിക്കുന്നത്. അനാവശ്യ ചിലവുകൾ ഇല്ല. ഒരു വിവാഹം നടത്താൻ സംമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്ന പലർക്കും സന്തോഷത്തോട് കൂടി ഒരു കുടുബ ജീവിതം തുടങ്ങാൻ മാറിയ വ്യവസ്ഥിതി സഹായിച്ചു. നല്ല ഗുണമെന്മയുള്ള ഭക്ഷണം അതിഥികൾക്ക് നൽകാൻ കുറഞ്ഞ ബാഡ്ജറ്റിൽ സാധാരണക്കാരനും നൽകുന്ന വിധത്തിൽ ജനപ്പെരുപ്പം കുറഞ്ഞു. വീഡിയോ - ഫോട്ടോഗ്രാഫർമാർ അവരുടെ തൊഴിൽ മനോഹരമായി ചെയ്യുന്നു. അവർക്കു തിക്കി തിരക്കി ജോലി ചെയ്യേണ്ടതില്ല. എല്ലാവർക്കും സന്തോഷം. വിളിച്ചില്ല എന്ന് ആർക്കും പരാതിയില്ല. കുറഞ്ഞ പക്ഷം ചെറുക്കനും പെണ്ണിനും ശ്വാസം പിടിച്ചു നിൽക്കാതെ സമാധാനത്തോടെ വിവാഹം ചെയ്യാൻ സാധിക്കുന്നു. ഇനിയും ഇത് തുടരാൻ ഭാവിയിലേക്കു സഭ എന്ത് തീരുമാനം എടുക്കും എന്നത് ആശ്രയിച്ചായിരിക്കും ഈ കൂദാശയുടെ മുന്നോട്ടുള്ള ശുഭ പ്രതീക്ഷയും.




Comments

Popular posts from this blog

മെഴുകുതിരി..

മാമോദീസാ തൊട്ടി