കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:2









ബാർ യുഹാനോൻറമ്പാൻ, MACCABI



*PART -2*


 *b) പെരുന്നാൾ മാമാങ്കം*


സുറിയാനി സഭയ്ക്കു പെരുന്നാൾ എന്ന് പറഞ്ഞാൽ കേവലം ഒരു അനുഷ്‌ടാന ചടങ്ങു അല്ലായിരുന്നു ഒന്നു രണ്ടു ദശാബ്ദത്തിനു മുൻപ് വരെ. അതു പരിശുദ്ധത്മ നിറവോട് കൂടിയതും തങ്ങളുടെ ഇടവക ആകുന്ന കൂട്ട് കുടുംബത്തിലെ പ്രധാന മേശയ്ക്കു

ചുറ്റും കുടുംബാംഗങ്ങൾ എല്ലാം ആണ്ടിലൊരിക്കൽ ഒത്തു കൂടുന്ന ഒരു കർതൃമേശ കൂട്ടായ്മ ആയിരുന്നു. ഇന്നും മുതിർന്നവർ തങ്ങളുടെ പൂർവ്വകാലത്ത് അവർ ആസ്വദിച്ച യഥാർത്ഥ പെരുന്നാൾ അനുഭവങ്ങൾ അയവിറക്കുമ്പോൾ അതു കേൾക്കുന്നവർക്ക് പോലും ആത്‌മനിറവും സന്തോഷവും ഉണ്ടാകുന്ന ഒരു അനുഭവം ആണ്. ഈ അവസ്‌ഥ മാറി കച്ചവടവൽക്കരിക്കപ്പെട്ട ഒരു പെരുന്നാൾ സംസ്കാരത്തിലേക്കു സഭ മാറ്റപ്പെടുകയും ഏശ്ശയ്യ പ്രവാചകന്റെ പ്രവചനങ്ങൾ അന്വർത്ഥമാക്കുന്ന പോലെയുള്ള സ്ഥിതി വിശേഷങ്ങളിലേക്കു നമ്മുടെ സഭ കൂപ്പു കുത്തുകയും അതിന്റെ മൂർദ്ധന്യത്തിൽ കോവിഡ് രംഗപ്രവേശനം ചെയ്തു കൊണ്ടു ദൈവനീതിയുടെ ക്രോധത്തെ പ്രകടമാക്കുകയും ചെയ്തിരിക്കുന്നു. ഏശായാ പ്രവാചകൻ ഇപ്രകാരം വിളിച്ചു പറയുന്നു, "നിങ്ങളുടെ ധൂപം എനിക്കു വെറുപ്പത്രെ. അമാവാസിയും ശാബതും സഭായോഗം കൂടുന്നതും എനിക്ക് സഹിക്കാവതല്ലാത്ത നീതികേടായിരിക്കുന്നു. നിങ്ങളുടെ അമാവാസികളും നിശ്ചിത പെരുന്നാളുകളും ഞാന്‍ വെറുക്കുന്നു. അവ എനിക്ക് അസഹ്യമായിരിക്കുന്നു. ഞാന്‍ അവ സഹിച്ച് മുഷിഞ്ഞിരിക്കുന്നു." (1:13,14). ദൈവത്തിനു വെറുപ്പ് ഉണ്ടാകുന്ന വിധത്തിൽ നമ്മുടെ പെരുന്നാളുകൾ മാറി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ആർക്കും പള്ളിയിൽ പോലും പോകാൻ അർഹത ഇല്ലാതെ വിഷാദിച്ചിരിക്കുന്നു എങ്കിൽ തീർച്ചയായും ഒരു മാനസാന്തരവും പുനർ ക്രമീകരണവും ആവിശ്യം ആണ്.


സുറിയാനിയിൽ പെരുന്നാൾ എന്നു അർഥം ഉള്ള 'ഈദോ' എന്ന പുല്ലിംഗ പദത്തിന്റെ എതിർലിംഗ പദം 'ഈത്തോ' ആണ്. ഇതിന്റെ അർത്ഥം സഭ എന്നാകുന്നു. സഭയും പെരുന്നാളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. പെരുന്നാളുകളിൽ വലുത് അഥവാ പെരുന്നാളുകളുടെ പൂർണ്ണത ഉയിർപ്പ് പെരുന്നാൾ ആണ്. കർത്താവിന്റെ ഉയർപ്പിലുള്ള പ്രത്യാശയുടെ അനുഭവം ആയിരിക്കണം ഓരോ പെരുന്നാളുകളും നമുക്ക് നൽകേണ്ടത്. എന്നാൽ യേശു ക്രിസ്തു ഉയിർത്ത് ജീവിക്കുന്നു, അവൻ വീണ്ടും വരും എന്നുള്ള ഒരു സന്ദേശവും കഴിഞ്ഞ നാളുകളിൽ വാണിജ്യവൽക്കരിക്കപ്പെട്ട നമ്മുടെ പെരുന്നാളുകളിൽ നിന്നും വിശ്വാസികൾക്കോ സമൂഹത്തിനോ ലഭിച്ചില്ല.


പെരുന്നാൾ ആചരണം ഇടവകയിൽ വിശ്വാസികളുടെ ഒരു സ്നേഹ കൂട്ടായ്മ സൃഷ്ടിക്കുന്നതിനും, പെരുന്നാൾ സന്ദേശം അവരുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുന്നതിനും ശ്രദ്ധിക്കുന്നിടത്ത് പരാജയങ്ങൾ സംഭവിച്ചു. പകരം മുൻ വർഷത്തെക്കാൾ എത്ര പണം കൂടുതൽ ചിലവഴിക്കുവാനും, ബാഹ്യമായ അലങ്കാര മേളങ്ങൾ വർധിപ്പിക്കുവാനും കഴിഞ്ഞു എന്നുള്ളത് മാത്രം ആയി ശ്രദ്ധ. കൂടി വരുന്ന സ്വർണ്ണ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും എണ്ണത്തിലും, പങ്കെടുത്തവരുടെ ബാഹുല്യത്തിലും മറ്റുമായി നമ്മുടെ ചിന്താമണ്ഡലം ഒതുങ്ങി പോയി. പെരുന്നാളുകളോട് ബന്ധപ്പെട്ട സുവിശേഷ പ്രഘോഷണങ്ങളിൽ ഒട്ടു മിക്കവയും ദൈവ വചനത്തിന്റെ മർമ്മങ്ങൾ വിശദീകരിച്ച് കൊണ്ടു ജനഹൃദയങ്ങളെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നതിനു പകരം ക്രൈസ്തവ നീതിയെ പറ്റി യാതൊരു ബോധ്യവും ഇല്ലാത്ത അന്യായമായ കുറ്റബോധം ഹൃദയങ്ങളിൽ നിറയ്ക്കുന്ന സാന്മാർഗിക ഉപദേശങ്ങളും, ലൗകീക സൗഭാഗ്യങ്ങളെ കേന്ദ്രീകരിച്ചുള്ള prosperity gospel ഉം ആയി അധഃപതിച്ചു.


പെരുന്നാളുകളോട് ബന്ധപ്പെട്ട മറ്റൊരു ദുഷ്പ്രവണത ആയിരുന്നു വിശുദ്ധ കുർബാനയുടെ കാർമ്മികരുടെ എണ്ണം വർദ്ധിപ്പിച്ചത്. മൂന്നുമ്മേൽ, അഞ്ചുമ്മേൽ ഇല്ല അവിടെ കൊണ്ടും നിർത്താതെ ഏഴുമ്മേൽ എന്നിങ്ങനെ കൂട്ടിക്കൊണ്ട് പോകുന്ന വൃത്തികെട്ട സംസ്കാരം ഈ സഭയിൽ തിരുത്തപ്പെട്ടില്ല. ആണ്ടിലൊരിക്കൽ ഉള്ള ഈ പെരുന്നാൾ മാമങ്കത്തിനു വേണ്ടി മാത്രം പല പള്ളികളിലും കോടികൾ ചിലവഴിച്ച് 5 ഉം ഏഴും ത്രോണോസുകൾ സ്ഥാപിച്ചു. മലയാള മനോരമ വാരികയിൽ വർഷങ്ങൾക്കു മുൻപ് ഒരു ലേഖനം വന്നിരുന്നത് ഓർക്കുന്നു, അതിന്റെ തലക്കെട്ട് ' ബിഷപ്പ്മാരുടെ നാട് ആനകളുടെയും' എന്നായിരുന്നു. പെരുന്നാളുകളിൽ മെത്രാൻമാരെ സെലിബ്രിട്ടികളെ (അതോ ആനകളെ പോലെയോ) പോലെ എഴുന്നള്ളിച്ച് നിർത്തുന്ന ഒരു പതിവ് വല്ലാതെ വളർന്നു. പൗലോസ് ശ്ലീഹായുടെ ഒരു ജീവിത ദർശ്ശനം ഓർത്തു പോകുന്നു, "ബര്‍നബായും പൌലോസും ഇതു കേട്ടപ്പോള്‍ അവര്‍ അവരുടെ വസ്ത്രങ്ങള്‍ കീറിക്കൊണ്ട് ജനക്കൂട്ടത്തിന്‍റെ മുമ്പിലേക്ക് ചാടിയിറങ്ങിച്ചെന്ന് വിളിച്ചു പറഞ്ഞു: പുരുഷന്മാരെ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ തന്നെ വികാരമുള്ള മനുഷ്യര്‍ തന്നെയാകുന്നു. നിങ്ങള്‍ ഈ വ്യര്‍ത്ഥ കാര്യങ്ങള്‍ വിട്ടൊഴിഞ്ഞ് ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സകലവും സൃഷ്ടിച്ചവനായ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു."(പ്രക്സീസ്

14:14,15). ശ്ലീഹയും സുവിശേഷ വേലക്കാരനും ആയ പൗലോസ്സിനെയും, ബാർന്നബയെയും മഹത്വീകരിച്ചു ഉയർത്തിക്കൊണ്ട് ആഘോഷിക്കാൻ തുടങ്ങിയ ജനത്തോട് അങ്ങനെ ചെയ്യരുത് ദൈവത്തെ മഹത്വപ്പെടിത്തുവിൻ എന്നു പറഞ്ഞ അപ്പോസ്തോലിക പാരമ്പര്യം ഇന്ന് എവിടെ പോയി എന്നിടത്ത് ആണ് ഈ എഴുന്നള്ളിപ്പുകൾ ചോദ്യം ചെയ്യപ്പെടുന്നത്.


പെരുന്നാളുകളോട് ചേർന്നുള്ള മറ്റൊരു ദുഷ്പ്രവണതയായി സഭയിൽ ഇന്ന് നിലനിൽക്കുന്ന ഒരു സംഗതി ആണ് തിരുശേഷിപ്പുകളുടെ വാണിജ്യ വൽക്കരണം (Commercialization of Holy Relics ). അതു എന്താണ് എന്നു പറയുന്നതിന് മുൻപ് തിരുശേഷിപ്പ് എന്താകുന്നു എന്നു ചിന്തിക്കാം. പ്രധാനമായും തിരുശേഷിപ്പ് എന്നത് കൊണ്ടു അർത്ഥമാക്കുന്നത് ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ അസ്ഥികൾ ആണ്. കൂടാതെ നമ്മുടെ കർത്താവിന്റെ വിശുദ്ധ സ്ലീബയുടെ അംശങ്ങളും തിരുശേഷിപ്പ് ആണ്. അസ്ഥിയിൽ ജീവൻ കുടികൊള്ളുന്നു എന്നുള്ളത് ഒരു പുരാതന വിശ്വാസ പാരമ്പര്യം ആണ്. ആധുനിക വൈദ്യ ശാസ്ത്രം രക്തത്തിന്റെ ഉൽപ്പാദനം അസ്ഥിയിലെ മജ്ജയിൽ നിന്നും ആണെന്ന് തെളിയിച്ചതുമാണ്. ലേവ്യപുസ്തകം 17:14 ൽ ഇപ്രകാരം പറയുന്നു, "സകല ജഡത്തിന്‍റെയും ജീവന്‍ അതിന്‍റെ ജീവാധാരമായ രക്തം ആകുന്നു. അതുകൊണ്ടത്രെ ഞാന്‍ ഇസ്രായേല്‍ മക്കളോടു: യാതൊരു ജഡത്തിന്‍റെ രക്തവും നിങ്ങള്‍ ഭക്ഷിക്കരുതു എന്നു കല്പിച്ചത്; സകല ശരീരത്തിന്‍റെയും ജീവന്‍ അതിന്‍റെ രക്തമാകുന്നു; അതു ഭക്ഷിക്കുന്നവനെയെല്ലാം വിച്ഛേദിച്ചു കളയണം." പഴയ നിയമ - പുതിയ നിയമ സഭകളിൽ ഇക്കാരണത്താൽ വിശുദ്ധരുടെ അസ്ഥികളെ സംരക്ഷിക്കുകയും ആദരവ് (Veneration of Holy Relics) പ്രകടിപ്പിക്കുകയും ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. കാരണം ഈ വിശുദ്ധരുടെ അസ്ഥികളിൽ ദൈവത്തിന്റെ ആത്മാവ് മൂലം അവന്റെ ശക്തി കുടികൊണ്ടിരുന്നു. ഇത് ഒരു വേദപുസ്തക സത്യം ആണ്. ഇത് അപ്പോസ്തോലിക പാരമ്പര്യം ആണ്. ആദ്യകാലങ്ങളിൽ ശ്ലീഹന്മാരുടെ ഉറുമാൽ, വസ്ത്രങ്ങൾ എന്നിവപോലും ആദരിക്കപ്പെടുകയും (ആരാധിക്കപ്പെടുകയല്ല) അതിൽ നിന്നും ദൈവം ശക്തി പുറപ്പെടുവിച്ചു സൗഖ്യം പ്രദാനം ചെയ്തിരുന്നു. പിന്നീട് സഭ വസ്ത്രങ്ങളും (വിശുദ്ധ അമ്മയുടെ സൂനോറോ ഒഴികെ) ഉപകരണങ്ങളും മറ്റും ഇങ്ങനെ ഉപയോഗിക്കുന്നത് ഒഴിവാക്കി. എന്നാൽ വിശുദ്ധരുടെ അസ്ഥികൾ ആദരിക്കപ്പെട്ടു.


ഇപ്പോൾ നമ്മുടെ പെരുന്നാളുകൾ എങ്ങനെ ആണ് മലീമസമായത് എന്ന് നോക്കുമ്പോൾ അതിൽ തിരുശേഷിപ്പുകളുടെ ദുർവിനിയോഗം ഒരു കാരണമായി കണക്കാക്കേണ്ടിയിരിക്കുന്നു. സത്യ ദൈവാരാധനയെക്കാൾ, വിശുദ്ധ കുർബാനയെക്കാൾ തിരുശേഷിപ്പുകളുടെ മഹത്വീകരണം ദൈവകോപത്തിനു കാരണമാകുന്നു എന്നു ഞാൻ നിസ്സംശയം വിശ്വസിക്കുന്നു. ആധികാരികത ഇല്ലാത്ത ഏതൊരു തിരുശേഷിപ്പിന്റെ മുൻപിലുള്ള വണക്കവും ഒന്നും രണ്ടും പ്രമാണങ്ങളുടെ ഗുരുതര ലംഘനമാണ്. മൂന്നും നാലും അതിലധികവും തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന പള്ളികൾ ഇന്ന്‌ ധാരാളം ഉണ്ട്, എനിക്കു മനസ്സിലാകുന്നില്ല ഒരു പള്ളിയിൽ എന്തിനാണ് ഇത്രയേറെ തിരുശേഷിപ്പിലുകൾ സ്ഥാപിക്കുന്നത് എന്നുള്ളത്. പിന്നിൽ ഒറ്റ ലക്ഷ്യം ആണ് പത്തു കാഷ് ഭണ്ടാരത്തിൽ വീഴ്ത്തണം അതിന് ദൈവത്തിന്റെ പരിശുദ്ധത്മാവിനെ വേദനിപ്പിക്കുന്നതിൽ ഒരാൾക്കും ഒട്ടും ലജ്ജയില്ല. ഇപ്പോൾ ഈ കൊറോണ കാലത്ത് എല്ലാ തിരുശേഷിപ്പിന്റെ മുന്നിലും കാശ് വീഴുന്നുണ്ടല്ലോ അല്ലേ... ചിന്തിക്കുക, തെറ്റ് തിരുത്തുക.


കോട്ടയംകാരൻ ആയ ഞാൻ പിറമാടത്തു വന്നതിനു ശേഷം വടക്കൻ മേഖലയിൽ കൂടുതൽ പ്രവർത്തിക്കുവാൻ ഇടയായി. ഇവിടെ ഞാൻ കണ്ടു അറിഞ്ഞ ഒരു പുതിയ പെരുന്നാൾ ക്രമം ഉണ്ട് അതാണ് "പോത്തുവെട്ടി പെരുന്നാൾ" എന്ന പേരിലൊരു കോപ്രായങ്ങൾ. പെരുന്നാൾ ദിവസം കൂടി വരുന്ന വിശ്വാസികൾക്ക് ഒരു സ്നേഹവിരുന്നു ഒരുക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഇന്ന്‌ യാക്കോബായക്കാരന്റെ പെരുന്നാളുകളിൽ ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്തനായി ഒരു 'പോത്തിനെ' പ്രതിഷ്ഠ നടത്തിയതിൽ ഈ സഭ ദൈവത്തോട് ഉത്തരം പറഞ്ഞേ മതിയാകൂ. പരിശുദ്ധ സിനഡ് ഈ പ്രവണത തെറ്റാണ് എന്നു കണ്ടു തിരുത്താൻ ശ്രമിച്ചത് ആണെന്നും കൂടി ഓർക്കുന്നു. പക്ഷെ വ്യക്തമായ ബോധവൽക്കരണം കൂടാതെ ഇടയകല്പ്പന വഴി ഉള്ള ഭരണം പരാജയം ആണെന്ന് ജനങ്ങളുടെ നിസ്സഹകരണം തെളിയിച്ചു. പോത്ത് വെട്ടുന്നതോ, കോഴിയിറച്ചി വിളമ്പുന്നതോ ഒന്നും നിഷിദ്ധമല്ല പക്ഷെ ചില പ്രവണതകൾ അതിരുവിട്ട് പോകുകയും അവ തെറ്റായ പാരമ്പര്യങ്ങൾക്കു വഴി തെളിക്കുകയും ചെയ്‌താൽ അത്തരം കാര്യങ്ങൾ നിയന്ത്രിക്കപ്പെടണം. പരിശുദ്ധ പൗലോസ് പറയുന്നു, " ആകയാല്‍ നിങ്ങള്‍ ഭക്ഷിക്കുന്നുവെങ്കിലും പാനം ചെയ്യുന്നുവെങ്കിലും എന്തെങ്കിലും പ്രവര്‍ത്തിക്കുന്നു വെങ്കിലും അതെല്ലാം ദൈവത്തിന്‍റെ മഹത്വത്തിന്നായി ചെയ്യുവിന്‍." (1 കൊരിന്ത്യർ 10:32). പോത്ത്വെട്ടി പെരുന്നാൾ നടത്തുന്നത് ദൈവത്തിനു മഹത്വമല്ല എങ്കിൽ അതു നിർത്തുക തന്നെ വേണം. അതിൽ രണ്ടാമതൊരു ചിന്ത ഉദിക്കുന്നില്ല. എന്നാൽ അതു ദൈവത്തെ മഹാത്വപ്പെടുത്തുന്ന വിധത്തിൽ നിർവഹിക്കുന്നുവെങ്കിലോ ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ല താനും.


പൗലോസ് പഠിപ്പിക്കുന്ന പോലെ എല്ലാം നമുക്ക് അനുവദനീയമാണ് എങ്കിലും എല്ലാം പ്രയോജനപ്രദമല്ല. അതുകൊണ്ട് പ്രയോജനം ഉള്ള കാര്യങ്ങൾ കൊണ്ട് നമുക്ക് നമ്മുടെ പെരുന്നാൾ അലങ്കരിക്കാം. കോവിഡാനന്തര സഭയിൽ ഇടവക പൊതുയോഗങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുവാനും ചർച്ച ചെയ്തു ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്‌താൽ നാം ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ സന്തോഷിപ്പിക്കുന്നവരായി തീരും എന്നതിൽ സംശയമില്ല.


തുടരും.....

Comments

Popular posts from this blog

മെഴുകുതിരി..

കോവിഡാനന്തര സഭ: ഒരു ലഘു അവലോകനം Part:1

മാമോദീസാ തൊട്ടി